‘ ഐ ആം ആൾ റൈറ്റ്, താങ്ക് യു ആൾ, ഗുഡ് ബൈ മൈ ഫ്രണ്ട്സ്’ – കേരളത്തോട് വിട പറഞ്ഞ് ജാൻ

‘ നിങ്ങളുടെ കൈയിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കാണാതെ ഞാൻ ഹോട്ടലിൽ നിന്ന് പുറത്ത് പോകില്ലെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു . ഉടൻ എന്റെ ഒരു സ്നേഹിതൻ വഴി ദുബായിക്ക് ഒരു ടിക്കറ്റ് ശരിയാക്കി. അവിടെ നിന്ന് എന്റെ മാതൃ രാജ്യമായ സ്വീഡനിലേക്ക്‌ ടിക്കറ്റ് ശരിയാക്കണം.’  – ഉടൻ ഇന്ത്യ വിട്ടു പോകണമെന്ന് നിർദേശം ലഭിച്ച വിദേശ വനിത ജാൻ മെറ്റി ജൊഹാൻസൺ ഇന്ന് രാവിലെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉടൻ രാജ്യം വിട്ടു പോയില്ലെങ്കിൽ ലീഗൽ ആക്ഷൻ എടുക്കേണ്ടി വരുമെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിൽ അത് എഴുതി തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ഒന്നും എഴുതി തരാനാകില്ലെന്നും ഉടൻ സാധനങ്ങൾ പാക്ക് ചെയ്തു പോകണമെന്നും അവർ കർശന നിർദേശം നൽകുകയായിരുന്നു.

2014 മുതൽ പല തവണ ഇന്ത്യയിലേക്ക് വന്നിട്ടുള്ള വ്യക്തിയാണ് എഴുപത്തിയൊന്നുകാരിയായ ജാൻ. ഡിസംബർ 23-നു കൊച്ചിയിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ ലോംഗ് മാർച്ചിലാണ് അവർ പങ്കെടുത്തത്. അതിനു മുമ്പായി താനും ലോംഗ് മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്ന് കൊച്ചിയിലെ പൊലീസ് അധികൃതരെ അറിയിച്ചിരുന്നു. അവർ അതിന് വാക്കാൽ സമ്മതം നൽകിയതായും ജാൻ വ്യക്തമാക്കുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തത് വേദനാജനകമായിരുന്നുവെന്ന് കരഞ്ഞു കൊണ്ട് അവർ പറഞ്ഞു. ഇനി ഇന്ത്യയിലേക്ക് വരില്ലെന്നും നേരത്തെ അവർ പ്രതികരിച്ചിരുന്നു.

12 കിലോമീറ്റർ നീണ്ട ലോംഗ് മാർച്ചിൽ പങ്കെടുത്ത അനുഭവവും അവർ ഫെയ്സ് ബുക്ക് പോസ്റ്റിൽ പങ്ക് വെച്ചിരുന്നു. മാർച്ചിനിടയിൽ രണ്ടു സ്ഥലത്ത് തങ്ങൾക്ക് പഞ്ചസാരയും ഉപ്പും ചേർത്ത വെള്ളം ലഭിച്ചിരുന്നു. ഓറഞ്ച്
ജ്യുസും ലഭിച്ചതായി പോസ്റ്റിൽ പറയുന്നുണ്ട്. കലാപമായിരുന്നില്ല, ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിലുടനീളം പൊലീസ് വളരെ സഹായകമായ നിലപാടാണ് സ്വീകരിച്ചതെന്നും ജാൻ പറയുന്നു.