റിപ്പബ്ലിക് ദിനത്തിന് കശ്മീരിന്റെ നിശ്ചലദൃശ്യം ഉണ്ട് എന്നാൽ സെൽഫോൺ സേവനം ഇല്ല

ഞായറാഴ്ച ഡൽഹിയിൽ നടന്ന 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ജമ്മു കശ്മീരിന്റെ “ബാക്ക് ടു വില്ലേജ്” (“ഗ്രാമത്തിലേക്ക് മടങ്ങുക”) എന്ന നിശ്ചലദൃശ്യം ശ്രദ്ധേയമായി. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ആദ്യമായാണ് ജമ്മു കശ്മീർ പരേഡിൽ പങ്കെടുത്തത്. അതേസമയം ഇന്നലെ രാത്രി മുതൽ കശ്മീർ താഴ്‌വരയിലെ സെൽഫോൺ സേവനങ്ങൾ സുരക്ഷാ കാരണങ്ങളുടെ പേരിൽ നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ സെൽഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. മുൻകരുതൽ നടപടിയായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്ന് സെൽഫോൺ സേവനങ്ങൾ റദ്ദ് ചെയ്യുകയായിരുന്നു.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച പുന:സ്ഥാപിച്ച് മണിക്കൂറുകൾക്ക് ശേഷം താൽക്കാലികമായി നിർത്തിവച്ചപ്പോൾ, ഞായറാഴ്ച അതിരാവിലെ മൊബൈൽ ഫോൺ കണക്റ്റിവിറ്റി താൽക്കാലികമായി നിർത്തിവച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിനു അനുവദിച്ചിരുന്ന പ്രത്യേക പദവി സർക്കാർ അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം രണ്ട് മാസം കഴിഞ്ഞ് ഒക്ടോബറിൽ കശ്മീർ താഴ്‌വരയിൽ സെൽഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു.

സർക്കാരിന്റെ നീക്കത്തിനെതിരായ തിരിച്ചടി തടയാൻ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായിരുന്നു ഇത്. രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുക, വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുക, അധിക സൈനികരെ നിയോഗിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചിരുന്നു.

റിപ്പബ്ലിക് ദിന പരേഡിൽ ഇരുപത്തിരണ്ട് നിശ്ചലദൃശ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. 16 എണ്ണം സംസ്ഥാനങ്ങളിൽ നിന്നും മറ്റുള്ളവ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ബാക്കിയുള്ളവ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും. ബംഗാൾ, കേരളം തുടങ്ങിയ ചില സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം ഉൾപ്പെടുത്താതെ തഴഞ്ഞത് വിവാദമായിരുന്നു.