ജാമിയയില്‍ വെടിയുതിര്‍ത്ത യുവാവിന് തോക്കും വെടിയുണ്ടയും നല്‍കിയ ആളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

ജാമിയയില്‍ പ്രൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെച്ച 17-കാരന് തോക്കും രണ്ട് വെടിയുണ്ടയും നല്‍കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നാണ് 10000 രൂപ നല്‍കി 17-കാരന്‍ തോക്കും വെടിയുണ്ടയും വാങ്ങിയതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു,

ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് ഇയാള്‍ തോക്ക് നല്‍കിയ ആളോട് പറഞ്ഞത്. ഇയാള്‍ 17-കാരന് തോക്കിനൊപ്പം രണ്ട് വെടിയുണ്ടകളും നല്‍കി. ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട 17-കാരനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

“”തോക്ക് നല്‍കിയയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇയാളെ പരിചയപ്പെടുത്തിയ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഉചിതമായ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കും”” പൊലീസ് വ്യക്തമാക്കി

അതേസമയം ഡല്‍ഹി പൊലീസ് ഇതുവരെ തങ്ങളോട് വെടിവെച്ച ആളെ കുറിച്ചുള്ള വിവരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ഗൗതം ബുദ്ധ നഗര്‍ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് ശ്രീപര്‍ണ ഗോംഗുലി പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോമാസമായി 17-കാരന്‍ പരിചയപ്പെട്ട ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ ആകും തോക്ക് നല്‍കിയതെന്ന് ഇയാളുടെ വീടിന് സമീപത്തുള്ള രണ്ട് പേര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.