ജമ്മു കശ്മീരിനെ വീട്ടുതടങ്കലിലാക്കി അമിത് ഷായുടെ അട്ടിമറി

കെ. സുനില്‍ കുമാര്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളയാനും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. രാഷ്ട്രപതിയുടെ അസാധാരണ അധികാരം പ്രയോഗിക്കുന്ന ഒരു വിജ്ഞാപനത്തിലൂടെ 370 റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലിമെന്റിനെ അറിയിക്കുകയായിരുന്നു.

ഈ പ്രഖ്യാപനത്തിന് മുന്നോടിയായി അര്‍ദ്ധരാത്രിയോടെ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, സജാദ് ലോണ്‍, മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. കശ്മീരിലുടനീളം 144ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊതുയോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. മൊബൈല്‍- ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച്ച അവധി പ്രഖ്യാപിച്ചു.

പാര്‍ലിമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ അവിടെ ചര്‍ച്ച ചെയ്യാതെ ഭരണഘടനയിലെ സുപ്രധാാനമായ ഒരു വകുപ്പ് റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി നടത്തിയ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടന അനുസരിച്ച് പ്രത്യേക പദവി ഉണ്ടായിരുന്ന ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പദേശങ്ങളായി പ്രഖ്യാപിച്ചത് ഭരണഘടനയുടെ അട്ടിമറി കൂടിയാണ്എന്ന് വിലയിരുത്തേണ്ടി വരും.  ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കുന്ന എം.പിമാര്‍ പോലും അറിയാതെയും ചര്‍ച്ച ചെയ്യാതെയുമാണ് ആ സംസ്ഥാനത്തെ ഇല്ലാതാക്കുന്ന പ്രഖ്യാപനം നടന്നത്. ജമ്മു കശ്മീരില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ നിയമസഭ നിലവിലില്ല. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രപതി ഒപ്പുവെച്ച ശേഷം പാര്‍ലിമെന്റില്‍ അറിയിക്കുകയായിരുന്നു. പാര്‍ലിമെന്റിനോ കശ്മീരില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കോ, ജനങ്ങള്‍ക്ക് ഒരു വാക്ക് പോലും പറയാന്‍ കഴിയാത്ത് അസാധാരണമായ ഈ നടപടി അടിയന്തരാവസ്ഥയെ ആണ് ഓര്‍മ്മിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പാര്‍ലിമെന്റിനെ പ്രഹസനമാക്കിയ ജനാധിപത്യ വിരുദ്ധമായ തീരുമാനം.

ഇനി ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തോടും അവിടത്തെ ജനങ്ങളോടും ഈ പ്രഖ്യാപനം പറയുന്നതെന്താണ്? ഇതു വരെ പ്രത്യേക പദവികളുണ്ടായിരുന്ന നിങ്ങളുടെ സംസ്ഥാനം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍വാധികാരത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന സാമന്ത പദേശമായി മാറിയിരിക്കുന്നുവെന്നാണ്. ലഡാക്ക് നിയമസഭ പ്രാതിനിധ്യമില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായി മാറി. ജമ്മുവും കശ്മീരും ഡല്‍ഹിയും പോണ്ടിച്ചേരിയും പോലെ കേന്ദ്ര അധികാരത്തിന് കീഴില്‍ ദുര്‍ബ്ബലമായ അധികാരങ്ങളുള്ള ഒരു സംസ്ഥാനമാകും.

ജനാധിപത്യത്തെ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വലിയ സംസ്ഥാനങ്ങള്‍ വിഭജിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാലത്താണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ഒരു സംസ്ഥാനത്തെ ഒരു ഉത്തരവിലൂടെ ഇല്ലാതാക്കുന്നത്. ഇത് നാളെ ഏത് സംസ്ഥാനത്തും ആവര്‍ത്തിച്ചേക്കാമെന്ന ആശങ്ക അസ്ഥാനത്തല്ല.
കശ്മീരിലെ വ്യത്യസ്ത വിഭാഗം ജനങ്ങളും സംഘടനകളും ഈ പ്രഖ്യാപനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ആ പ്രതികരണത്തെ നേരിടാനുള്ള സന്നാഹമായിരുന്നു നേതാക്കളുടെ കരുതല്‍ തടങ്കലും നിരോധനാജ്ഞയും അധിക സൈനിക വിന്യാസവും മറ്റും.

എന്തു കൊണ്ടാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി ഭരണഘടനാപരമായി അനുവദിച്ചത് എന്നത് സ്വാതന്ത്ര്യാനന്തരം നടന്ന സംസ്ഥാന രൂപീകരണ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. 1947- ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായതോടെ ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടു. അന്ന് ഇന്ത്യയോടും പാകിസ്ഥാനോടും ചേരാതിരുന്ന നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീർ. വിഭജനാനന്തരം അവിടെ നിലനിന്ന സംഘര്‍ഷത്തിന്റെയും പാകിസ്ഥാന്റെ സഹായത്തോടെ പഠാന്‍ വര്‍ഗക്കാര്‍ നടത്തിയ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ അവിടത്തെ നാട്ടുരാജാവായ ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. 1947 ഒക്ടോബറിലാണ് ഇന്ത്യയുടെ ഭാഗമാകാന്‍ ഹരിസിംഗ്,  മൗണ്ട് ബാറ്റണ്‍ പ്രഭുവുമായി ഉപാധികളോടെ കരാര്‍ ഒപ്പുവെച്ചത്. ഇതനുസരിച്ചാണ് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലെ അധികാരം ഇന്ത്യാ ഗവണ്മെന്റിന് കൈമാറിയത്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ പാകിസ്ഥാന്റെ ഭാഗമായി മാറണമെന്ന താത്പര്യപ്പെടുന്നവരായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങള്‍ കശ്മീരിലെത്തി. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ ഏറ്റുമുട്ടി.

1948 ജനുവരി ഒന്നിന് ഇന്ത്യയും പിന്നാലെ പാകിസ്ഥാനും കശ്മീര്‍ പ്രശനവുമായി ഐക്യരാഷ്ട്ര സഭക്ക് മുന്നിലെത്തി. തുടര്‍ന്ന് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള യുഎന്‍ ഇടപെടലിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലുണ്ടായത്. ഇതെ തുടര്‍ന്നാണ് കശ്മീരിലെ ജനങ്ങള്‍ ആരോടൊപ്പം നില്‍ക്കണമെന്ന് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. 1949- ല്‍ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യ യൂണിയന്റെ ഭാഗമായപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെങ്കില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കണമെന്ന നിബന്ധന വെച്ചു. അങ്ങനെയാണ് ഭരണഘടനയുടെ അനുച്ഛേദമായി 370 നിലവില്‍ വന്നത്. ഈ വകുപ്പ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെയും ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെയും വിധികളുണ്ട്. 370-ന്റെ അനുബന്ധമായാണ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരെ ഭൂമി വാങ്ങുന്നത് വിലക്കിക്കൊണ്ടുള്ള 35 എ അനുച്ഛേദവും എഴുതിച്ചേര്‍ത്തത്. എന്നാല്‍ ജനസംഘവും ആര്‍എസ്എസും പ്രത്യേക അധികാരം നല്‍കുന്നതിനെ തുടക്കം മുതലേ എതിര്‍ത്തിരുന്നു. അതിനെതിരായ സമരത്തില്‍ പൊലീസ് കസ്റ്റഡിയിലായ ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തോടെ 370ാം വകുപ്പിനെതിരായ ആര്‍എസ്എസ് നിലപാട് ശക്തമായി.

1980- ല്‍ ബിജെപി രൂപീകരിച്ചപ്പോഴും ഇതേ ആവശ്യം ഏറ്റെടുത്തു. ഏക സിവില്‍ കോഡ്, ന്യൂനപക്ഷാവകാശങ്ങള്‍ റദ്ദാക്കല്‍, മുത്തലാഖ് നിരോധനം  തുടങ്ങിയ ആവശ്യത്തിനൊപ്പം 370 റദ്ദാക്കണമെന്ന ആവശ്യവും നിരന്തരമായി ഉന്നയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തില്‍ വരികയും അമിത് ഷാ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തതു മുതല്‍ 370 റദ്ദാക്കാനുള്ള ശ്രമം നടക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പാര്‍ലിമെന്റിനെ പോലും മറികടന്ന് ധൃതി പിടിച്ച് ഇത് നടപ്പാക്കുമെന്ന തോന്നല്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ബാലാക്കോട്ട് സൈനിക ആക്രമണത്തെ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയ മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ തങ്ങളുടെ രാഷ്ട്രീയത്തെ ദേശീയതയിലേക്ക് വികസിപ്പിച്ചിരുന്നു. ഈ നീക്കത്തിന് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കൂടി കഴിഞ്ഞതോടെ തീവ്ര ദേശീയതയെ ആയുധമാക്കാന്‍ ബിജെപിയും സംഘപരിവാറും എടുത്ത തീരുമാനത്തിന്റെ കൂടി ഭാഗമാണ് ഇപ്പോള്‍ 370 റദ്ദാക്കിയത്. അതിനെതിരായ എതിര്‍പ്പുകളെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തി നേരിടാനും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ദേശീയത രാഷ്ട്രീയമാക്കി മാറ്റാനും കഴിയുമെന്ന വിശ്വാസത്തില്‍ കൂടിയാണ് പുതിയ പ്രഖ്യാപനം.