അധികാരം ഏതെങ്കിലും ഒരു കുടുംബത്തിന്റേത് ആകുന്നത് ജനാധിപത്യത്തിന് അപകടം; പ്രധാനമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോള്‍ ഭരണഘടനയുടെ ആത്മാവിന് മുറിവേല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ സംബന്ധമായ പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ അധികാരം ഏതെങ്കിലും കുടുംബത്തിന്റേത് ആകുകയാണെങ്കില്‍ അത് ജനാധിപത്യത്തിന് അപകടകരമാകും എന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നാല്‍ അത് കുടുംബാധിപത്യമാകില്ല. പക്ഷേ ഒരു കുടുംബം തന്നെ തലമുറകളായി അധികാരം കൈമാറുന്നത് അപകടകരമാണ്. ഇത്തരത്തില്‍ കുടുംബങ്ങള്‍ നയിക്കുന്ന ചില പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് അഴിമതിയാണ് ഇത്തരം പാര്‍ട്ടികളുടെ ലക്ഷ്യം എന്നും നരേന്ദ്ര മോദി പറഞ്ഞു.

സ്വാതന്ത്രത്തിനായി പോരാടിയ എല്ലാവര്‍ക്കും ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു കൊണ്ട് ഭീകരവാദത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഭരണഘടനയുടെ ആദ്യവരി തന്നെ കൂട്ടായ്മയെ തെളിയിക്കുന്നതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും പക്ഷേ അത് പൊതുസേവനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നത് ആകരുതെന്ന് പാര്‍ലമെന്റില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത്  രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു.