ഇന്ത്യയ്‌ക്ക് എതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഐ.എസ്

ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണി മുഴക്കി ഐഎസ് ഖൊറസാൻ പ്രോവിൻസ്. ബിജെപി മുൻ വക്താക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് ഭീകരസംഘടനയായ ഐഎസ്കെപി ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഖൊറസാൻ ഡയറി എന്ന ന്യൂസ് ചാനൽ വഴി പുറത്തുവിട്ട 10 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലും ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ ഭീഷണിയുയർത്തുന്നുണ്ട്. 55 പേജ് ലഘുലേഖയിൽ, ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.

അഫ്ഗാൻ പ്രതിരോധ മന്ത്രി മുല്ല യാഖൂബ് ഇന്ത്യൻ ടിവി ചാനലിന് അഭിമുഖം നൽകിയതും ധനമന്ത്രി അമീർ മുത്താഖി ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതും ലഘുലേഖയിൽ വിമർശിക്കുന്നുണ്ട്.

ഭീകരസംഘടനയായ ഐഎസിന്റെ മധ്യേഷ്യൻ വിഭാഗമാണ് ഐസ് ഖൊറസാൻ പ്രോവിൻസ്. നേരത്തേ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലും ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലും ഭീകരാക്രമണം നടത്തുമെന്ന് അൽ ഖായിദയും ഭീഷണി മുഴക്കിയിരുന്നു.