'സത്യം' എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

അഴിമതി എന്ന വാക്കുള്‍പ്പെടെ 65 വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ്,കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോയെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചോദ്യം.

സത്യം അണ്‍ പാര്‍ലമെന്ററിയാണോ എന്ന് ചോദിച്ച അവര്‍ വാര്‍ഷിക ലിംഗ വ്യത്യാസ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ആരോഗ്യ അതിജീവന ഉപസൂചികയില്‍ ഏറ്റവും കുറവായ 145 ആണ്. ലിംഗ വ്യത്യാസം അഞ്ച് ശതമാനത്തേക്കാള്‍ കുറഞ്ഞ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ട്വീറ്ററില്‍ കുറിച്ചു.

മോദി സര്‍ക്കാരിനെ തുറന്ന് കാണിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും പറഞ്ഞു.അഴിമതിക്ക് പുറമെ കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്സഭ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്ന കാര്യത്തില്‍ രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.