അമിത് ഷായെ അറസ്റ്റ് ചെയ്ത പി. കന്ദസ്വാമിയെ ഡി.ജി.പിയാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ അറസ്റ്റ്‌ ചെയ്ത പി കന്ദസ്വാമി ഐ.പി.എസിനെ പുതിയ തമിഴ്‌നാട്‌ ഡി.ജി.പിയായി നിയമിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്താണു ഡി.എം.കെ സര്‍ക്കാര്‍ കന്ദസ്വാമിയെ നിയമിച്ചിരിക്കുന്നത്.

അധികാരത്തിൽ എത്തിയാൽ എ.ഐ.എ.ഡി.എം.കെ സർക്കാരിലെ അഴിമതിക്കാരായ മന്ത്രിമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ഡിഎംകെ മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി കെ പളനിസ്വാമിക്കും നിരവധി മന്ത്രിമാർക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്  ഗവർണർ ബൻവർലിലാൽ പുരോഹിത്തിനും വിജിലൻസ് വകുപ്പിനും പരാതികൾ സമർപ്പിച്ചിരുന്നു.

തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കന്ദസ്വാമി സിബിഐയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നപ്പോൾ അദ്ദേഹവും ഡെപ്യൂട്ടി ഡിഐജി അമിതാഭ് താക്കൂറും (ഒഡീഷ കേഡർ) അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

2007 ൽ ഗോവയിൽ വച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും കന്ദസ്വാമിയും അമിതാഭ് താക്കൂറും ചേർന്നാണ് തെളിയിച്ചത്. കൂടാതെ, എസ്എൻ‌സി-ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനെതിരെയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട്.