ഇന്ത്യയില്‍ നിന്നുള്ള എല്ലാ രാജ്യാന്തര വിമാനയാത്രക്കാരുടെയും വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം

 

രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനയാത്രക്കാരുടേയും വിവരങ്ങള്‍ വിമാനക്കമ്പനികള്‍ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത യാത്രാസമയത്തിന് 24 മണിക്കൂര്‍ മുമ്പ് പാസഞ്ചര്‍ നെയിം റെക്കോഡ് നിര്‍ബന്ധമായും കൈമാറണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നിയമമായ പാസഞ്ചര്‍ നെയിം റെക്കോഡ് റെഗുലേഷന്‍സ്, 2022 അനുസരിച്ചാണ് പുതിയ നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളക്കടത്ത് പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുമാണ് പുതിയ നിയമം.

 

തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പത്തൊമ്പത് ഡാറ്റാ പോയിന്റുകളാണ് കസ്റ്റംസ് അധികൃര്‍ക്ക് കൈമാറേണ്ടത്്. യാത്രക്കാരന്റെ പേര്, യാത്ര ചെയ്യുന്ന തീയതി, യാത്രക്കാരനെ ബന്ധപ്പെടാനുള്ള ലഭ്യമായ വിവരങ്ങള്‍, പണമൊടുക്കുന്നതോ ബില്ലൊടുക്കുന്നതോ ആയ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, കണ്‍ഫര്‍മേഷന്‍, ചെക്ക്-ഇന്‍-സ്റ്റാറ്റസ്, ബാഗേജ് വിവരങ്ങള്‍, ടിക്കറ്റ് അനുവദിച്ചു നല്‍കിയ ട്രാവല്‍ ഏജന്‍സിയുടേയോ ഏജന്റിന്റേയോ വിവരം തുടങ്ങിയവയാണിവ. നിശ്ചിത യാത്രാസമയത്തിന് 24 മണിക്കൂര്‍ മുമ്പ് പിഎന്‍ആര്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയാല്‍ നാഷണല്‍ കസ്റ്റംസ് ടാര്‍ഗറ്റിങ് സെന്റര്‍-പാസഞ്ചറിന് വിമാനക്കമ്പനിയുടേയോ അംഗീകൃത ഏജന്റിന്റേയോ മേല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താം.

 

നിലവില്‍ യാത്രയുടെ ആരംഭത്തിലോ ഒടുക്കത്തിലോ മാത്രമാണ് യാത്രക്കാരുടെ വിവരം കസ്റ്റംസിന് ലഭിക്കുന്നതെന്നും മുന്‍കൂട്ടി വിവരം ലഭ്യമാകുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സഹായകമാകുമെന്നും സിബിഐസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

രാജ്യത്തെ വിവിധ സുരക്ഷാ -എന്‍ഫോഴ്‌സ്്‌മെന്റ് ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായും മറ്റു രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായും സിബിഐസി ഈ വിവരങ്ങള്‍ കൈമാറും. അഞ്ച് വര്‍ഷത്തോളം ഈ വിവരങ്ങള്‍ സിബിഐസി സൂക്ഷിക്കും. വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.