ആ കസേരയിലേക്ക് ഇനി പ്രിയങ്ക വരുമോ?, രാഹുല്‍ ഗാന്ധിക്ക് പകരം മറ്റ് പേരുകളൊന്നും കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് അനിശ്ചിതത്വം തുടരവേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേതൃത്വസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതില്‍ പിന്നെ മറ്റൊരാളെ നിര്‍ദേശിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ന്നു വരുന്നത്.

രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും, അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രിയങ്കയുടേ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ഇത്തരത്തിലൊരു ആലോചനയുണ്ടെന്നാണ് പറയുന്നത്. പരസ്യ പ്രതികരണത്തിന് ഇതുവരെ പാര്‍ട്ടി തയ്യാറായില്ലെങ്കിലും അനിശ്ചിതത്വം നീളുന്നത് പാര്‍ട്ടിയെ വലിയ രീതിയില്‍ തന്നെ ദോഷകരമായി ബാധിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ എല്ലാ നേതാക്കളും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ തന്നെ നേതാവിനെ നിശ്ചയിക്കൂ എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.