'ഇന്ത്യ വീണ്ടും വിജയിച്ചു'; ജയത്തില്‍ നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്ലുവിളികളില്ലാതെ വന്‍ വിജയം നേടി എന്‍ഡിഎ കുതിപ്പ് തുടരുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വീണ്ടും വിജയിച്ചു എന്നാണ് വിജയത്തെ കുറിച്ചുള്ള മോദിയുടെ ആദ്യ പ്രതികരണം. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

“ഒന്നിച്ചു വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു”. മോദി ട്വിറ്ററില്‍ കുറിച്ചു. വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ദേശീയതലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. 2014 ലും മേയ് 26 നായിരുന്നു സത്യപ്രതിജ്ഞ.

വീണ്ടും ഭരണമുറപ്പിച്ചതോടെ ബിജെപി പാര്‍ലമെന്ററി സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ബിജെപിയെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പാര്‍ട്ടി പ്രമേയം പാസാക്കുമെന്നും. മോദി പ്രവര്‍ത്തകരോടു സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്.