ശത്രു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകള്‍ ഇന്ത്യ ലേലം ചെയ്യും

ശത്രു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകള്‍ ഇന്ത്യ ലേലം ചെയ്യും. ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കും ചൈനയിലേക്കും പോയ ശേഷം അവിടെ നിന്നു പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ പൗരത്വമാണ് രാജ്യം റദ്ദാക്കുന്നത്. ഇത്തരത്തിലുള്ള 9400 സ്വത്തുക്കളാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ സ്വത്തുക്കള്‍ വില്‍ക്കുന്നതിലൂടെ ഒരു ലക്ഷം കോടി രൂപയില്‍ അധികം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിഭജനകാലത്തും അതിനു ശേഷവും ചൈന, പാകിസ്താന്‍ എന്ന രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ സ്വത്ത് ലേലം ചെയ്യാനായി നിയമത്തില്‍ ഭേദഗതി വരുത്തും. എനിമി പ്രോപ്പര്‍ട്ടി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യും.

ഇതിനകം തന്നെ സര്‍ക്കാര്‍ കണ്ടെത്തിയ ആറായിരത്തോളം വസ്തുക്കളുടെ സര്‍വേ പൂര്‍ത്തിയായി. ഇനിയും രണ്ടായിരത്തില്‍ അധികം വസ്തുക്കളുടെ സര്‍വേ പൂര്‍ത്തിയാക്കാനുണ്ട്. ഇതും സര്‍വേ പൂര്‍ത്തിയാക്കുന്നതിനു അനുസരിച്ച് ലേലം ചെയ്യും. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

യുപിയില്‍ പാകിസ്താനിലേക്ക് പോയ 4991 പേരുടെ സ്വത്തുക്കളാണ് ഉള്ളത്. പാകിസ്താനിലേക്ക് പോയ 2735 പേരുടെ സ്വത്തുക്കള്‍ ബംഗാളിലും 487 പേരുടെ സ്വത്തുക്കള്‍ ഡല്‍ഹിയിലും ഉണ്ട്. ഇതിനു പുറമെ മേഘാലയയിലും ബംഗാളിലും ചൈനയിലേക്ക് പോയ 29 പേരുടെ സ്വത്തുക്കള്‍ കണ്ടെത്തി.