പാകിസ്ഥാനും ഇന്ത്യയും തമ്മിൽ “ഒക്ടോബറിലോ നവംബറിലോ യുദ്ധം ഉണ്ടാകുമെന്ന്” പാക് മന്ത്രി

പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരു സമ്പൂർണ യുദ്ധം “ഒക്ടോബറിലോ അതിന് അടുത്ത മാസമായ നവംബറിലോ ഉണ്ടാകുമെന്ന്” പാക് റെയിൽ‌വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പ്രവചിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പാകിസ്ഥാൻ രംഗത്തെത്തുകയും ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാവുകയും ചെയ്തിരുന്നു. ആഴ്ചകൾ മുമ്പ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള താർ, സംജോദ എന്നീ ട്രെയിനുകൾ പാകിസ്ഥാൻ വിലക്കിയിരുന്നു. താൻ പാകിസ്ഥാന്റെ റെയിൽ‌വേ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഒരു ട്രെയിനും ഇരു രാജ്യങ്ങൾക്കും ഇടയിൽ ഓടില്ലെന്നും ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കറാച്ചിക്ക് സമീപം സോൺമിയാനി ഫ്ലൈറ്റ് ടെസ്റ്റ് റേഞ്ചിൽ മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്ഥാൻ നോട്ടാം [NOTAM (notice to airmen) & Naval warning] മുന്നറിയിപ്പ് നല്‍കിയതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.