രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ കുടില തന്ത്രമാണ് 'ഒരു രാജ്യം ഒരു ഭാഷ'യിലൂടെ ബി.ജെ.പി നടപ്പാക്കുന്നത്: അമിത് ഷാക്കെതിരെ കർണാടക കോൺഗ്രസ്

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖമുദ്രയായി മാറുന്ന രീതിയിൽ, ഹിന്ദിയെ രാജ്യത്തിൻറെ “ഏക” ഭാഷയാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച്‌ കർണാടക കോൺഗ്രസ്.

“അമിത് ഷാ തന്റെ ചരിത്ര പരിജ്ഞാനം വളർത്തിയെടുക്കണം, ഇന്ത്യ വൈവിധ്യത്തിൽ ഐക്യമുള്ള രാജ്യമാണ്, അതിന്റെ നിലനിൽപ്പിനായി ഒരു ഭാഷയെ മാത്രം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കാൻ ഉള്ള ആർ‌.എസ്‌.എസിന്റെ കുടിലത നടപ്പിലാക്കുന്നതാണ് ബി.ജെ.പി അജണ്ട,” കർണാടക കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

കേന്ദ്രം ഹിന്ദി ദിവസ് ആഘോഷിക്കുന്ന വേളയിൽ ഹിന്ദിയുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്ന് ഷാ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തുല്യമാണിത് എന്നും ഷാ അഭിപ്രായപ്പെട്ടു.