രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; പതിനാറ് ലക്ഷം തൊഴില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് സൂചന. ഇന്ത്യയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുകളുടെ എണ്ണത്തില്‍ 16 ലക്ഷം കുറവുണ്ടാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

2018–19ല്‍ 89.7 ലക്ഷം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്നാല്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായ സാഹചര്യത്തിലാണ് തൊഴില്‍ കുറയുന്നതെന്നും ഇപിഎഫ്ഒയില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു. കരാര്‍, താത്കാലിക തൊഴിലാളികളെ കമ്പനികള്‍ വെട്ടിക്കുറയ്ക്കുകയാണ്. കാര്‍ഷിക, വ്യാവസായിക  മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം പെരുകുന്നു. അഞ്ച് വര്‍ഷമായി രാജ്യത്ത് ഉത്പാദനക്ഷമതയും വേതനവും താഴ്ന്ന തോതിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018-ല്‍ 12,000 തൊഴില്‍രഹിതരാണ് ആത്മഹത്യ ചെയ്തത്. ഓരോ മണിക്കൂറിലും ഒരാള്‍ വീതമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.