കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റി വെച്ചതായി റിപ്പോര്‍ട്ട്

ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 50,000 കോടി രൂപ (7 ബില്യൺ ഡോളർ) നീക്കിവെച്ചതായി റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടം 1.3 ബില്യൺ ജനങ്ങൾ ഉള്ള രാജ്യത്ത് ഒരു ഡോസ് വാക്‌സിന് ഒരാൾക്ക് 6 മുതൽ 7 ഡോളർ വരെ ചെലവ് കണക്കാക്കുന്നതയാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. മാർച്ച് 31- ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കാണ് ഇതുവരെ നൽകിയിട്ടുള്ള പണം, ഇതിനായി കൂടുതൽ ഫണ്ടുകൾക്ക് ഒരു കുറവും ഉണ്ടാകില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

ഒരാൾക്ക് രണ്ട് കുത്തിവെയ്പ്പുകളായിരിക്കും നൽകുക ഒരു കുത്തിവെയ്പ്പിന് 2 ഡോളർ എന്നാണ് ഇന്ത്യ കണക്കാക്കുന്നത്. സംഭരണം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഓരോ വ്യക്തിക്കും രണ്ടോ മൂന്നോ ഡോളർ നീക്കിവെയ്ക്കും.

ഇന്ത്യയിൽ വൈറസ് ബാധയുടെ ഏറ്റവും ഉയർന്ന നില കഴിഞ്ഞെന്നും ഫെബ്രുവരിയിൽ വ്യാപനം നിയന്ത്രണ വിധേയമാകുമെന്നുമാണ് സർക്കാർ പിന്തുണയുള്ള സമിതി പ്രവചിക്കുന്നത്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വൈറസ് വ്യാപനം കനത്ത പ്രഹരമേൽപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മോദി സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.

എല്ലാ ഇന്ത്യക്കാർക്കും കോവിഡ് -19 വാക്സിൻ ലഭ്യമാകുമെന്ന് സർക്കാർ ഉറപ്പു വരുത്തുമെന്ന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച പറഞ്ഞിരുന്നു.