സമുദായങ്ങള്‍ക്കിടയില്‍ ഐക്യമില്ല; രാജ്യം രണ്ടാം വിഭജനത്തിലേക്കെന്ന് ബി.ജെ.പി നേതാവ്

രാജ്യത്തെ സമുദായങ്ങള്‍ തമ്മില്‍ ഐക്യമില്ലെന്നും രണ്ടാം വിഭജനത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്.

ഇന്ന് രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമുദായങ്ങള്‍ക്കുള്ളില്‍ ഇന്ന് യാതൊരു ഐക്യവുമില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ചന്ദ്രകുമാര്‍ പറഞ്ഞു.

സി.എ.എയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്ത പക്ഷം ഇനിയും പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എന്റെ മുത്തച്ഛനെ പോലുള്ളവര്‍ക്ക് മാത്രമേ ഇന്ത്യയെ അതിന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ. നേതാജിയെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം ഭിന്നിക്കപ്പെടും, വീണ്ടും വിഭജനം ഉണ്ടാകും, പ്രധാനമന്ത്രി നരേന്ദമോദിക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണ് ഇതെന്നും ചന്ദ്രകുമാര്‍ ബോസ് വ്യക്തമാക്കി.