തീവ്രവ്യാപന ഘട്ടം അവസാനിച്ചു; ഇന്ത്യയിൽ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകും

ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ തീവ്രത അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ നിയോ​ഗിച്ച വിദ്​ഗധ സമിതി.

വൈറസ് വ്യാപനം കുറഞ്ഞ് വരുകയാണെന്നും അടുത്ത ഫെബ്രുവരിയോടെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും സമിതി പറയുന്നു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താമെന്നാണ് വിദഗ്ധ സമിതിയുടെ കണക്കുകൾ.

എന്നാൽ പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും.

മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയാൽ അടുത്ത വർഷത്തോടെ നിയന്ത്രണവിധേയമാകുമെന്നാണ് കണക്ക്.

ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവ കാലവും വ്യാപനം കുത്തനെ ഉയർത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലധികം കോവിഡ് കേസുകൾ ഉണ്ടായേക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് മുതൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ ഓഗസ്റ്റ് മാസത്തിനുള്ളിൽ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിൽ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമായി കണക്കുകൾ. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി.