ഒഡിഷയിൽ പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളില്‍ ഒരു കോൺസ്റ്റബിൾ അറസ്റ്റിൽ

ഒഡിഷയിലെ ക്ഷേത്രനഗരമായ പുരിയിൽ തിങ്കളാഴ്ച ഒരു പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ  പൊലീസുകാരനടക്കം രണ്ട് പേർ ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നിമാപാറ ടൗണിലെ ഒരു ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുന്നതിനിടെ സ്വയം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി യുവതി പൊലീസിന് പരാതി നൽകി.

“ഭുവനേശ്വറിൽ നിന്ന് കക്കത്പൂരിലെ എന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ആളെ വിശ്വസിക്കുകയും ലിഫ്റ്റ് സ്വീകരിക്കുകയും ചെയ്തു,” യുവതി, പരാതി നൽകിയ കുംഭർപദ പൊലീസ് സ്റ്റേഷന് പുറത്ത് വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാറിൽ കയറിയ ശേഷം മറ്റ് മൂന്ന് പുരുഷന്മാരെ കണ്ടതായി യുവതി പറഞ്ഞു.

“എന്നെ കകത്പൂരിലേക്ക് കൊണ്ടു പോകുന്നതിനു പകരം അവർ എന്നെ പുരി പട്ടണത്തിലേക്ക് കൊണ്ടുപോയി. നാലുപേരും എന്നെ ഒരു വീട്ടിലേക്ക് കൊണ്ടു പോയി. രണ്ടു പേർ എന്നെ ബലാത്സംഗം ചെയ്തു. മറ്റ് രണ്ടുപേർ പുറത്തു നിന്ന് വാതിൽ അടച്ച ശേഷം പോയി.” യുവതി പറഞ്ഞു.

പുരി പട്ടണത്തിലെ ജാദേശ്വരി ക്ലബിന് സമീപമുള്ള പൊലീസ് ക്വാർട്ടറായിരുന്നു വീട്. പീഡനത്തിനിരയായ സ്ത്രീ സംഭവത്തിനിടെ പ്രതികളിൽ ഒരാളുടെ പേഴ്സ് പിടിച്ചെടുത്തെന്നും ഇതിൽ നിന്നും ഫോട്ടോ തിരിച്ചറിയൽ കാർഡും ആധാർ കാർഡും കണ്ടെടുത്തു എന്നും പൊലീസ് പറഞ്ഞു.

തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതോടെ പ്രതികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് കോൺസ്റ്റബിളായ ഇയാളെ അറസ്റ്റ് ചെയ്ത് സസ്‌പെൻഡ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പുരി പൊലീസ് സൂപ്രണ്ട് ഉമാ ശങ്കർ ദാസ് പറഞ്ഞു.

സംഭവം അന്വേഷിക്കാൻ രണ്ട് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും യുവതിയെയും പ്രതിയായ കോൺസ്റ്റബിളിനെയും വൈദ്യപരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.