ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍, സോണിയയും പ്രിയങ്കയും രാഹുലിനൊപ്പം ചേരും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെടുന്ന രാഹുല്‍ ഗാന്ധിയെ മേല്‍ കമ്മനഹള്ളിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും.

കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. കര്‍ഷക നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ രാഹുലിന്റെ യാത്രയില്‍ പങ്കുചേരാന്‍ കര്‍ണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗൂഡല്ലൂരിലെത്തിയത്.