2014 ല്‍ മോദി പ്രയോഗിച്ച തന്ത്രം പയറ്റി കോണ്‍ഗ്രസ്; പുതുവഴികള്‍ തേടി ബി.ജെ.പി

2014 ല്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ട അതേ തന്ത്രമാണ് കോണ്‍ഗ്രസ് തിരിച്ചു പയറ്റുന്നത്. അന്ന് ബിജെപി നേതാവായിരുന്ന നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിക്കുന്നതിനായി വോട്ട് തേടിയായിരുന്നു രാജ്യം മുഴുവന്‍ ബിജെപിയുടെ പ്രചാരണം. ഇന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പില്‍ പഴയ പ്രചാരണതന്ത്രം പ്രയോഗിക്കാന്‍ സാധിക്കുകയില്ല. അതു കൊണ്ട് ഭരണത്തുടര്‍ച്ചയായി പുതുവഴികള്‍ തേടുകയാണ്. 2014 ലെ കാവല്‍ക്കാരന്‍ പ്രയോഗം തന്നെയാണ് മോദി നിലവില്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചാരണത്തിന് മോദി തുടക്കമിട്ടിരിക്കുന്നത്.

കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് കൊണ്ട് എന്ത് തരത്തിലുള്ള പ്രചാരണമായിരിക്കും പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. അതേസമയം കേരളത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുകയെന്ന പ്രചാരണം തന്നെയാണ് നടത്തുന്നത്.