ഇന്ത്യയുമായുള്ള സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വന്നു, ഉചിതമായ സമയത്തെ യോജിച്ച തീരുമാനം യുദ്ധം ഒഴിവാക്കിയെന്നും ഇമ്രാന്‍ ഖാന്‍

അയല്‍രാജ്യമായ ഇന്ത്യയുമായുള്ള സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വന്നെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് യോജിച്ച തീരുമാനമെടുക്കാന്‍ സാധിച്ചതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവായെന്നും അദ്ദേഹം പാകിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ യോഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ച തീരുമാനത്തെ കുറിച്ച് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും വിശദീകരിച്ചു. ഇമ്രാന്‍ ഖാന് സമാനമായ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റേയും. വിശാല താത്പര്യം മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘര്‍ഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നല്‍കാനും കഴിഞ്ഞെന്ന് ഖുറേഷി പറഞ്ഞു. നേരത്തെ, വര്‍ധമാനെ വിട്ടയച്ചതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തീവ്രത കുറഞ്ഞെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.

Read more

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഈ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ തിരുത്തിക്കൊണ്ടിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. തെളിവ് പുറത്തു വിടണമെന്നാണ് ഉയരുന്ന ആവശ്യം.