സാമ്പത്തിക വളര്‍ച്ച വീണ്ടും ഇടിഞ്ഞു; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.8 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്നും നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്നും അന്താാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. 2019 ഏപ്രിലില്‍ 7.3 ശതമാനവും ഒക്ടോബറില്‍ 6.1 ശതമാനും വളര്‍ച്ചാ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്.

നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും ഗ്രാമീണ മേഖലയിലെ വരുമാനക്കുറവുമാണ് ഇന്ത്യയിലെ സാമ്പത്തിക ഞെരുക്കത്തിനു കാരണമെന്നാണ് ഐഎംഎഫിലെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നത്.

ആഗോള വളര്‍ച്ചാ നിരക്ക് 2019 ലെ 2.9 ശതമാനത്തില്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 3.3 ശതമാനമായും 2021 ലേക്ക് എത്തുമ്പോള്‍ 3.4 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗീത ഗോപിനാഥ് പറയുന്നു.

2018-ലെ ഇന്ത്യയുടെ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2020-ല്‍ വളര്‍ച്ചാ നിരക്ക് 7.0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.