'130 കോടി ഇന്ത്യക്കാര്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു'; കറന്‍സിയില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണം: മോദിക്ക് കത്തയച്ച് കെജ്‌രിവാള്‍

രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. 130 കോടി ഇന്ത്യാക്കാര്‍ക്ക് വേണ്ടിയാണ് തന്റെ ഈ അഭ്യര്‍ഥനയെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നമ്മള്‍ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാല്‍, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണമെന്നും കെജ്രിവാള്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും.

85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തൊനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും കെജ്രിവാള്‍ പറഞ്ഞു.