ഫാറൂഖ് അബ്ദുല്ലയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെട്ട് സഭാംഗം; “ഞാൻ ഒരു ഡോക്ടറല്ല,” എന്ന് അമിത് ഷാ

കശ്‍മീരിൽ വീട്ടു തടങ്കലിൽ അടയ്ക്കപ്പെട്ട നാഷണൽ കോൺഫറൻസ് പാർട്ടിയുടെ തലമുതിർന്ന നേതാവും 81 വയസുകാരനുമായ ഫാറൂഖ് അബ്ദുല്ലയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപെട്ട സഭാംഗത്തോട് താനൊരു ഡോക്ടറല്ലെന്ന മറുപടി കൊടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ.

ലോക്സഭയിൽ ജമ്മു കശ്മീർ പുന:സംഘടന ബില്ലിന്റെ ചർച്ചയ്ക്കിടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് സുപ്രിയ സുലെ മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു, “ഫാറൂഖ് അബ്ദുല്ല എന്റെ അരികിലാണ് ഇരിക്കാറ് , ഇന്ന് അദ്ദേഹം അവിടെ ഇല്ല”. സുലെ പറഞ്ഞു. ഇതിന് മറുപടിയായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. അബ്ദുല്ലയ്ക്ക് അനാരോഗ്യമുണ്ടെന്ന് സുപ്രിയ സുലെ പ്രതികരിച്ചപ്പോൾ, “ഞാൻ ഒരു ഡോക്ടറല്ല” എന്നായിരുന്നു ഷായുടെ മറുപടി.

അബ്ദുല്ലയുടെ അഭാവത്തെക്കുറിച്ച് ആദ്യം ചോദ്യം ഉന്നയിച്ചത് ഡി.എം.കെയുടെ ദയാനിധി മാരനാണ്. “ഈ സഭയിലെ അംഗമായ ഫാറൂഖ് അബ്ദുല്ലയെ കാണാനില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, ഞങ്ങൾക്ക് ഒരു അറിയിപ്പും ഇല്ല. ഒരു സ്പീക്കർ എന്ന നിലയിൽ നിങ്ങൾ അംഗങ്ങളെ സംരക്ഷിക്കണം. നിങ്ങൾ നിഷ്പക്ഷത പാലിക്കണം,” മാരൻ പറഞ്ഞു.

ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത വിഷയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സഭയിൽ ഉദ്ധരിച്ചിരുന്നു. ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെക്കുറിച്ച് ഒരു വിവരവുമില്ല, അവർ ഒറ്റപ്പെടൽ അനുഭവിക്കരുത്, അവർ തീവ്രവാദികളല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ താൽപര്യപ്രകാരം അവരെ വിട്ടയക്കണം, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭ്യർത്ഥിച്ചു.

Read more

അതേസമയ തന്നെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കള്ളമാണെന്നും താൻ വീട്ടുതടങ്കലിലായിരുന്നുവെന്നും ദേശീയ കോൺഫറൻസിന്റെ തലമുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു. “എന്നെ എന്റെ വീട്ടിൽ തടവിലാക്കി … ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇതു പോലെ കള്ളം പറയാൻ കഴിയുമെന്നതിൽ എനിക്ക് സങ്കടമുണ്ട്,” എന്നുമാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞത്.