“ഈ പത്ത് സംസ്ഥാനങ്ങൾ കോവിഡിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് വിജയിക്കാനാകും,” മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

രാജ്യത്തെ 10 സംസ്ഥാനങ്ങൾ കൊറോണ വൈറസിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യ വൈറസിനെതിരെ വിജയിക്കുമെന്ന കാഴ്ചപ്പാട് ഉയർന്നു വന്നിട്ടുണ്ട് എന്ന് നരേന്ദ്രമോദി. കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി നടത്തിയ വെർച്വൽ മീറ്റിംഗിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ സജീവമായ കോവിഡ് -19 കേസുകളിൽ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള ഇത്തരത്തിലുള്ള ഏഴാമത്തെ ചർച്ചയാണ് ഇന്ന് നടന്നത്.

“നമ്മൾ ഒരു പുതിയ മന്ത്രം പിന്തുടരേണ്ടതുണ്ട് – രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തി പരിശോധിക്കണം …ബിഹാർ, ഗുജറാത്ത്, യു.പി, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ പരിശോധന വേഗത്തിലാക്കേണ്ടതുണ്ട്,” മോദി പറഞ്ഞു.

“അൺലോക്ക് 3” അഥവാ രാജ്യത്തുടനീളം കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ മൂന്നാം ഘട്ടം കഴിഞ്ഞ മാസം ആരംഭിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, മമത ബാനർജി, അമരീന്ദർ സിംഗ്, കെ ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ, വിജയ് രൂപാനി, നിതീഷ് കുമാർ, വൈ എസ് ജഗൻ മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കർണാടകയെ ഉപമുഖ്യമന്ത്രി പ്രതിനിധീകരിച്ചു.

“കോവിഡ്-19 നെതിരായ ഏറ്റവും ഫലപ്രദമായ ആയുധങ്ങൾ കണ്ടെയ്ൻമെന്റ്, കോൺടാക്റ്റ് ട്രെയ്‌സിംഗ്, നിരീക്ഷണം എന്നിവയാണ് എന്നാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം, ”മോദി പറഞ്ഞു.

ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും കൊറോണ വൈറസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായുള്ള ഇടപെടലുകളിലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അനുഭവത്തെ കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.

കോവിഡ് -19 കണ്ടെത്തുന്നതിനായുള്ള ആർ‌ടി-പി‌സി‌ആർ ടെസ്റ്റുകളുടെ ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കണമെന്നും ഉയർന്ന നിലവാരമുള്ള വെന്റിലേറ്ററുകളും കേന്ദ്ര സർക്കാർ നൽകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു.

മഹാമാരി മൂലമുണ്ടായ വരുമാനശേഖരണ വിടവ് നികത്താൻ വിശാലമായ സാമ്പത്തിക പാക്കേജ് വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമീന്ദർ സിംഗ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.

അസം, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അവിടുത്തെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതി അവലോകനം ചെയ്യാൻ തിങ്കളാഴ്ച പ്രധാനമന്ത്രി വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു.

ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ മഹാരാഷ്ട്രയിലാണ് ഉള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.

കൊറോണ വൈറസ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി അവസാനമായി നടത്തിയ കൂടിക്കാഴ്ച ജൂണിൽ ആയിരുന്നു.

Read more

ഇന്ത്യ ഇതുവരെ 22.68 ലക്ഷം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,601 പുതിയ കേസുകൾ. രോഗമുക്തി നിരക്ക് ഇന്ന് രാവിലെ 69.79 ശതമാനമാണ്.