നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ കയറണം, ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസന നല്‍കി മമത

പശ്ചിമംബംഗാളില്‍ സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് മമതയുടെ മുന്നറിയിപ്പ്.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. സമരം നാല് ദിവസം പിന്നിട്ടു. സമരത്തിന് പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും ആശുപത്രി സംവിധാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും മമത പറഞ്ഞു. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

സമരം ചെയ്യുന്ന എന്‍.ആര്‍.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മമതയ്ക്ക് മുമ്പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.