'ഡല്‍ഹി പൊലീസ് വര്‍ഗീയതയ്ക്ക് കൂട്ടുനിന്നു, ഞാനായിരുന്നെങ്കില്‍ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്‌തേനെ': മുന്‍ ഡല്‍ഹി പൊലീസ് മേധാവി

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസിനെ രൂക്ഷ വിമര്‍ശിച്ച് ഡല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ. ഡല്‍ഹി പൊലിസിന്റെ തലപ്പത്ത് ഇപ്പോള്‍ താനായിരുന്നെങ്കില്‍ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യുമായിരുന്നെന്ന് അജയ് ശര്‍മ ആഞ്ഞടിച്ചു.

ഡല്‍ഹി പൊലീസ് വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുന്നതില്‍ ആശങ്കയുണ്ട്. കലാപത്തിന്റെ സമയത്ത് വീഡിയോ ദൃശ്യങ്ങളില്‍ പകര്‍ത്തിയ പൊലീസിന്റെ പെരുമാറ്റം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹി പൊലീസിനുമുന്നിലുണ്ടായിരുന്നത് അഗ്‌നിപരീക്ഷയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതില്‍ അവര്‍ പരാജയപ്പെട്ടു. പൊലീസിന്റെ പ്രൊഫഷണലിസത്തിന്റെ കുറവാണ് മുഖ്യപ്രശ്‌നമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെയും ശര്‍മ അനുകൂലിച്ചു. ദ വയറിനു നല്‍കിയ അഭിമുഖത്തിലാണ് അജയ് മിശ്ര പൊലീസിനെതിരെ തുറന്നടിച്ചത്.

ഡല്‍ഹി വടക്കുകിഴക്കന്‍ മേഖലയിലെ ഡി.സി.പി വേദ് പ്രകാശ് സൂര്യക്കെതിരെയും ശര്‍മ തുറന്നടിച്ചു. കപില്‍ മിശ്ര വിദ്വേഷ പ്രസംഗിക്കുമ്പോള്‍ വേദ് പ്രകാശ്? സമീപമുണ്ടായിരുന്നു. എന്നാല്‍ ഇത് തടുക്കാനായി ഒന്നും ചെയ്തില്ല. ഇത് കൃത്യവിലോപമാണ്. വേദ്പ്രകാശില്‍ നിന്നും വിശദീകരണം ആവശ്യപ്പെടണം. അത് തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

Read more

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പൊലീന്റെ വര്‍ഗീയത വ്യക്തമാണ്. കലാപകാരികള്‍ കടകള്‍ അഗ്നിക്കിരയാക്കുമ്പോള്‍ പൊലീസ് മുസ്‌ലീംകളെ ലാത്തികൊണ്ടടിച്ച് ദേശീയ ഗാനം പാടിപ്പിക്കുകയാണ്. അടുത്തകാലത്തായി ഡല്‍ഹി പൊലീസിന് മോശം സമയമാണ്. ജാമിഅ മില്ലിയ, ജെ.എന്‍.യു സംഭവങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് പരാജപ്പെട്ടു.