പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ ഞാന്‍ ഇല്ല, മോദി തന്നെ ആ പദവിയില്‍ ഇനിയും തുടരും: നിതിന്‍ ഗഡ്ഗരി

പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. താന്‍ ഒരു തികഞ്ഞ ആര്‍.എസ്.എസുകാരനാണെന്നും തനിക്ക് രാജ്യമാണ് പ്രധാനമെന്നും ഗഡ്ഗരി വ്യക്തമാക്കി.

‘ഞാന്‍ പ്രധാനമന്ത്രി പദം നേടാനായി ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിലും ഞാന്‍ ഇല്ല. നരേന്ദ്രമോദിയാണ് നമ്മുടെ പ്രധാനമന്ത്രി. തിരഞ്ഞെടുപ്പിന് ശേഷവും മോദി തന്നെ ആ പദവിയില്‍ തുടരും’- ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ഗഡ്ഗരി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 200 സീറ്റ് നേടിയാല്‍ താങ്കള്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു പകല്‍കിനാവ് മാത്രമാണെന്നായിരുന്നു ഗഡ്ഗരിയുടെ മറുപടി.

‘ഞാന്‍ ഒരു ആര്‍.എസ്.എസുകാരനാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ദൗത്യം. മോദി ഭരണത്തിന് കീഴില്‍ രാജ്യം പുരോഗമിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാം അദ്ദേഹത്തിന് പിറകിലുണ്ട്. അദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്നെ പ്രധാനമന്ത്രിയാക്കുമോ എന്ന ചോദ്യം എവിടെ നിന്നാണ് ഉയര്‍ന്നത്’? എന്നും ഗഡ്കരി ചോദിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതത്തെ കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രം രണ്ടാണെന്നും എങ്കിലും ഇരുപാര്‍ട്ടികളും ശത്രുക്കള്‍ അല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തെ മോദിക്കെതിരെ അനവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ ആളാണ് ഗഡ്കരി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം തങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അല്ലാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാന്‍ സാധിക്കില്ലെന്നും ഗഡ്കരി വിമര്‍ശിച്ചിരുന്നു.