മോദിയുടെ ജന്മദിന പാർട്ടിയിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചു, ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

ചെന്നൈയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി നടന്ന ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.

ക്യാമറയിൽ പകർത്തിയ ഒരു വീഡിയോയിൽ, ഒരു കൂട്ടം പ്രവർത്തകർ ചിത്രത്തിനായി പോസ് ചെയ്യുന്നത് കാണാം, ഒരാൾ വലിയ മാല ധരിച്ചിരിക്കുന്നു, പശ്ചാത്തലത്തിൽ പടക്കം പൊട്ടുന്നത് കേൾക്കുന്നു. അതിനിടെ ഒരു സ്ത്രീ ഫ്രെയിമിലേക്ക് നടന്നടുക്കുന്നു, അവരും മറ്റ് പ്രവർത്തകരും ആഘോഷത്തിന്റെ ഭാഗമായി വായുവിലേക്ക് വിടേണ്ട ബലൂണുകൾ പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ബലൂണുകൾ പൊട്ടിത്തെറിക്കുന്നു. പൊട്ടിക്കൊണ്ടിരുന്ന പടക്കങ്ങളിൽ നിന്നുള്ള ഒരു തീപ്പൊരിയാകാം പൊട്ടിത്തെറിക്ക് കാരണം എന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനം വെള്ളിയാഴ്ച (പ്രധാനമന്ത്രിയുടെ ജന്മദിനം വ്യാഴാഴ്ചയായിരുന്നു) ചെന്നൈയിലെ പാഡിയിൽ ആഘോഷിക്കാൻ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ബിജെപി ഫാർമർ അസോസിയേഷൻ പ്രവർത്തകനാണ് ആഘോഷത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റ 12 പേർക്ക് നിസാര പരിക്കേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇവരെ കിൽപാക് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമ്മേളനത്തിന് അനുമതിയില്ലാത്തതിനാൽ കോരട്ടൂർ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

പാഡിയിൽ നടന്ന പരിപാടിക്ക് നൂറോളം പേർ തടിച്ചു കൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. ബിജെപി ഫാർമേഴ്‌സ് വിംഗ് വൈസ് പ്രസിഡന്റ് മുത്തുരാമനാണ് മാല ധരിച്ചയാൾ.

“ഹൈഡ്രജൻ വാതകം നിറച്ച നൂറുകണക്കിന് ബലൂണുകൾ ആളുകൾ കൈവശം വെച്ചിരുന്നു. 2000 ബലൂണുകൾ വായുവിലേക്ക് വിടാൻ അവർ പദ്ധതിയിട്ടിരുന്നു, എന്നാൽ പോലീസിന്റെ അനുമതി ലഭിച്ചില്ല,” കൊരട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പോർക്കോഡി പറഞ്ഞതായി ടിഎൻ‌ഐ‌ഇ റിപ്പോർട്ട് ചെയ്തു.

പൊള്ളലേറ്റ മുത്തുരാമനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

തന്റെ ജന്മദിനത്തിൽ വേണ്ടത് ആളുകൾ മാസ്‌ക്കുകൾ ശരിയായി ഉപയോഗിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നെങ്കിലും, ഈ നിർദ്ദേശങ്ങളൊന്നും ഈ സംഘം ശ്രദ്ധിച്ചില്ല. ആരും മാസ്ക് ധരിച്ചിരുന്നില്ല, ശാരീരിക അകലം ഉണ്ടായിരുന്നില്ല.