ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊല: മുഖ്യപ്രതിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഹൈദരബാദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗ കേസിലെ പ്രതികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുഖ്യപ്രതി ആരിഫ് ഖാന്റെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയിലുമെത്തി തെളിവെടുത്തു. കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.

അതേസമയം ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ചിരുന്ന കോടതി ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ആരിഫ് ഖാന്‍, ക്ലീനര്‍മാരായ ശിവ, നവീന്‍, ചന്ന കേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.