രാജസ്ഥാന്‍ കൊലപാതകം; വീഡിയോ കണ്ട് തലകറങ്ങി, ഈ രാജ്യത്ത് ജീവിക്കാനാവില്ലെന്ന് നടന്‍ ഫര്‍ഹാന്‍ അക്തര്‍

മനുഷ്യജീവന് യാതൊരു പ്രാധാന്യവും കല്‍പിക്കാത്ത ഈ രാജ്യത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് നടനും ഗായകനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന്റെ വീഡിയോ കണ്ട് തലകറങ്ങിയെന്നും ഇതൊക്കെ കണ്ട് എങ്ങിനെയാണ് ജീവിതം മുന്നോട്ട്‌കൊണ്ട് പോകാനാവുകയെന്നും ഫര്‍ഹാന്‍ പറഞ്ഞു.

“”ഒരു മനുഷ്യനെ അതിക്രൂരമായി കൊല്ലുന്നതും കത്തിക്കുന്നതുമായ വീഡിയോ ക്ലിപ്പ് കണ്ടു. വളരെയധികം ഭീകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് അത്. അതിനേക്കാള്‍ തന്നെ ഞെട്ടിപ്പിച്ച സംഭവം ഇത്രയും ക്രൂരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രതിയുടെ ബന്ധുവായ പതിനാല് വയസുകാരനാണ് എന്നതാണ്. ഇതൊക്കെ കണ്ടുകൊണ്ട് ഈ രാജ്യത്ത് എങ്ങനെയാണ് ജീവിക്കാനാവുക””;- ഫര്‍ഹാന്‍ പറഞ്ഞു.

സിനിമാ താരങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. അവര്‍ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ളവരാണ്. ഇതിനെതിരെ താരങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും ഫര്‍ഹാന്‍ പറഞ്ഞു. ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക മാത്രമാണ് സിനിമാതാരങ്ങളുടെ ജോലിയെന്നും സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ വിഷയമല്ലെന്നും പറയുന്നത് ഒഴിഞ്ഞ് മാറല്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു, പറയുന്നില്ല എന്നുള്ളതൊന്നും തന്റെ വിഷയമല്ല. സാമൂഹ്യജീവി എന്ന നിലയിലുള്ള സ്വന്തം പ്രതികരണമാണിതെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.