പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് മൗനം; പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഉവൈസി

പശുവിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമ സംഭവങ്ങളില്‍ എന്തു കൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പശു എന്നത് ഹിന്ദു സഹോദരന്മാര്‍ക്ക് വിശുദ്ധമാണ്. എന്നാല്‍, ജീവിക്കാനുള്ള അവകാശവും സമത്വവും ഭരണഘടന മനുഷ്യന് നല്‍കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി മനസിലാക്കുമെന്ന് കരുതുന്നുവെന്നും ഉവൈസി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കവെ പശു വിഷയത്തില്‍ സര്‍ക്കാറിനെ ആക്ഷേപിക്കുന്നവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.

പശുവെന്നും ഓം എന്നും കേള്‍ക്കുമ്പോള്‍ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നെന്ന് ചിലര്‍ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെയാണ് പിന്‍വാങ്ങലാകുന്നതെന്നും, ഇത്തരക്കാര്‍ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.