ആഫ്രിക്കന്‍ യുവതിയുടെ ഹണിട്രാപ്പ്; ഇന്ത്യന്‍ ഡോക്ടര്‍ക്ക് പോയത് 40 ലക്ഷം രൂപ

ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 40 ലക്ഷം രൂപ. 52 വയസുള്ള ഓര്‍ത്തോപീഡിക് ഡോക്ടറാണ് ആഫ്രിക്കന്‍ യുവതിയുടെ തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒലുവാലെ സെലെസ്‌റ്റൈന്‍, കെലെസി കെനെത്ത്, സോണിയ എന്നിവരാണ് പൊലീസ് പിടിയിലായത്. അന്താരാഷ്ട്ര തട്ടിപ്പ് സംഘമാണിതെന്നു പൊലീസ് പറഞ്ഞു. സാന്ദ്ര കേജ് എന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജ് മുഖേനയാണ് യുവതി ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചത്. ഒരു മാസം ഫെയ്‌സ്ബുക്കിലൂടെ ഇരുവരും തമ്മില്‍ നിരന്തരമായി ചാറ്റ് ചെയ്തിരുന്നു. പിന്നീട് പരസ്പരം മൊബൈല്‍ നമ്പറുകളും കൈമാറി.

നവംബര്‍ 20 ന് യുവതി മുംബൈ വിമാനത്താവളത്തില്‍ എത്തി. കസ്റ്റംസ് തന്റെ കൈവശമുണ്ടായിരുന്ന 3.5 ലക്ഷം പൗണ്ട് പിടികൂടി. പിഴയായി ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 45,000 രൂപയും ആദായ നികുതി വകുപ്പിന് 70,000 രൂപയും നല്‍കാന്‍ സഹായിക്കണമെന്നു ഡോക്ടറെ വിളിച്ച് യുവതി ആവശ്യപ്പെട്ടു.

ഇതു വിശ്വസിച്ച് ഡോക്ടര്‍ പണം നല്‍കി. പിറ്റേന്ന് ഡോക്ടറെ വിളിച്ച യുവതി, അമ്മയ്ക്കു രോഗമായതിനാല്‍ താന്‍ ബ്രിട്ടനിലേക്ക് മടങ്ങുകയാണ്. താന്‍ വാങ്ങിയ തുക ബ്രിട്ടീഷ്‌ എംബസി തിരിച്ചു തരുമെന്നും അറിയിച്ചു.

പിന്നീട് ഡോക്ടറുടെ വീട്ടില്‍ കസ്റ്റംസ് ഏജന്റ് ചമഞ്ഞ് ജേക്കബ് എന്ന് പരിചയപ്പെടുത്തി തട്ടിപ്പ് സംഘത്തിലെ ഒരാളെത്തി. യുവതിയില്‍ നിന്ന് പിടിച്ചെടുത്ത 3.5 കോടി രൂപയോളം ഡോക്ടര്‍ക്ക് അവകാശപ്പെട്ടതാണെന്നും അതിലേക്കായി നികുതി ഇനത്തിലും മറ്റും 40 ലക്ഷം രൂപ അടയ്ക്കണമെന്നും ഇയാള്‍ അറിയിച്ചു. ഡോക്ടറില്‍നിന്ന് 40 ലക്ഷത്തോളം രൂപ വാങ്ങിയ ഇയാള്‍ മുങ്ങി. പിന്നീടാണ് താന്‍ പറ്റിക്കപ്പെട്ടതാണെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നത്.