മിശ്രവിവാഹിതരായ ദമ്പതികൾക്ക് അനുകൂലമായ വിധി പ്രസ്താവിച്ച്‌ അലഹബാദ് ഹൈക്കോടതി

മിശ്രവിവാഹിതരായ ദമ്പതികൾക്ക് അനുകൂലമായ വിധി പ്രസ്താവിച്ച്‌ അലഹബാദ് ഹൈക്കോടതി. തന്റെ ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായ സ്ത്രീക്ക് അവളുടെ നിബന്ധനകൾക്ക് അനുസൃതമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ശിഖ-സൽമാൻ ദമ്പതികൾക്കാണ് കോടതിയുടെ അനുകൂല വിധി. മൂന്നാമത് ഒരു വ്യക്തി സൃഷ്ടിക്കുന്ന നിയന്ത്രണമോ തടസ്സമോ ഇല്ലാതെ തന്റെ ഇഷ്ടാനുസരണം ജീവിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അടിവരയിട്ട് പറഞ്ഞു.

ഉത്തർപ്രദേശിലെ എറ്റാ ജില്ലയിൽ യുവതിയുടെ ഭർത്താവിനെതിരെ സെപ്റ്റംബറിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറും കോടതി ഇതോടൊപ്പം റദ്ദാക്കി. നാട്ടിലേക്ക് മടങ്ങുന്നതു വരെ ദമ്പതികൾക്ക് സുരക്ഷ ഒരുക്കാനും പൊലീസിനോട് കോടതി നിർദ്ദേശിച്ചു. മകളെ തട്ടിക്കൊണ്ടു പോയി വിവാഹത്തിന് നിർബന്ധിച്ചുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചതിനെ തുടർന്നാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.

ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗർവാൾ എന്നിവരടങ്ങുന്ന രണ്ട് അംഗ ബെഞ്ച് ശിഖയോട് സംസാരിച്ചു. ശിഖ സ്വന്തം ഇഷ്ടപ്രകാരമാണ് സൽമാനെ വിവാഹം കഴിച്ചതെന്ന് സ്ഥിരീകരിച്ചു. ശിശു ക്ഷേമ സമിതിക്ക് ശിഖയുടെ കസ്റ്റഡി കൈമാറിയതിന് ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെ കോടതി വിമർശിച്ചു. ശിശു ക്ഷേമ സമിതിയാകട്ടെ യുവതിയുടെ താല്പര്യത്തിന് വിരുദ്ധമായി അവളെ മാതാപിതാക്കളുടെ കൂടെ വിട്ടിരുന്നു.

തന്റെ ഭാര്യയുടെ ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കൾക്ക് ഒപ്പം അവളെ അയച്ചതായി ചൂണ്ടിക്കാട്ടി നേരത്തെ സൽമാൻ ഒരു ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു.

ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിയമപ്രകാരം 32- കാരനായ സൽമാനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുസ്ലിം യുവാവായ സൽമാനെതിരെ നടപടിയെടുക്കരുതെന്ന് പൊലീസിന് കോടതി മുന്നറിയിപ്പ് നൽകി. സൽമാൻ നിയമലംഘനം നടത്തിയതായി തെളിവുകളൊന്നും ഇല്ലെന്നും കോടതി പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ മാസം അവസാനം മതപരിവർത്തന വിരുദ്ധ ഓർഡിനൻസ് പാസാക്കിയിരുന്നു. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തമായ “ലവ് ജിഹാദ്” തടയാനെന്ന പേരിലായിരുന്നു നിയമം കൊണ്ടുവന്നത്.

“ലവ് ജിഹാദ്” എന്നത് കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത പദമാണ്. “ലവ് ജിഹാദ് നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല” എന്നും അത്തരം കേസുകളൊന്നും കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു. എന്നാൽ, കർണാടക, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങൾ “ലവ് ജിഹാദ്” വിരുദ്ധ നിയമനിർമ്മാണവുമായി മുന്നോട്ടുപോയി.