പ്രവാസികളുടെ കാര്യം അനുഭാവപൂർവം പരി​ഗണിക്കണം; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

വിസ കാലാവധി കഴിഞ്ഞ് യുഎഇ യിൽ കുടുങ്ങി മടക്കയാത്രയ്ക്ക് പോലും പണമില്ലാത്ത പ്രവാസികളുടെ കാര്യം അനുഭാവപൂർവം പരി​​ഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

നാട്ടിൽ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന ആവശ്യത്തിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

തങ്ങളുടെ ഭർത്താക്കന്മാർ തിരികെ എത്താൻ പണം ഇല്ലാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ദുരിതത്തിലാണന്ന് ഹർജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള നിവേദനങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്.

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുനരാലോചനയുടെ സാദ്ധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്.