വേദന സഹിച്ചാണ് താന്‍ ഓരോ ദിവസവും മുമ്പോട്ടു പോകുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി

ഓരോ ദിവസവും താന്‍ ഏറെ വേദനയോടെയാണ് തള്ളി നീക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായതു കൊണ്ട് അതിന്റെ കാരണം തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

തന്റെ വേദനയെ കുറിച്ച് തുറന്നു പറയാനാവില്ല. അത് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആര് പരിഹരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നന്നായി തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. ഉദ്യോഗസ്ഥരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ ജെ.ഡി.യു- കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.