കൊച്ചുമക്കള്‍ക്ക് മാണ്ഡ്യയും ഹാസ്സനും പങ്കിട്ടു, പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ കണ്ണീരൊഴുക്കി ദേവഗൗഡ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ ശക്തി കേന്ദ്രമായ മാണ്ഡ്യയും ഹാസ്സനും ചെറുമക്കള്‍ക്ക് വീതിച്ചു നല്‍കുന്നു എന്ന ആരോപണം നില നില്‍ക്കെ ചെറുമകന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പൊട്ടിക്കരഞ്ഞ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. ഹാസ്സന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പേരക്കുട്ടി പ്രജ്വല്‍ രേവണ്ണയെ പരിചയപ്പെടുത്തി കൊടുക്കുന്ന ചടങ്ങിലാണ് ദേവഗൗഡ പൊട്ടിക്കരഞ്ഞത്.

അതേസമയം, ബിജെപി ദേവഗൗഡയുടെ പൊതുജനമധ്യത്തിലുള്ള കരച്ചിലിനെ പരിഹസിച്ച് രംഗത്തു വന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ജെഡിഎസിന്റെ ആദ്യത്തെ നാടകമാണിതെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഈ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. മൊത്തം 28 സീറ്റുള്ള മണ്ഡലത്തില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും എട്ട് സീറ്റില്‍ ജെഡിഎസും മത്സരിക്കും. സംസ്ഥാനത്തെ ശക്തി കേന്ദ്രമായ ശിവമോഗ, തുമക്കുരു, ഹാസ്സന്‍, മാണ്ഡ്യ, ബംഗളൂരു വടക്ക്, ഉത്തരകന്നഡ, ചിക്കമംഗലൂരു, വിജയപുരം എന്നിവയാണ് ജെഡിഎസിന് ലഭിച്ചിരിക്കുന്നത്.

ജെഡിഎസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയും ഹാസ്സനില്‍ രാവണ്ണയുടെ മകന്‍ പ്രജ്വല്‍ രാവണ്ണയെയും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. മാണ്ഡ്യയില്‍ നിഖില്‍ തിരിച്ചു പോകു ( ഗോ ബാക്ക് നിഖില്‍” എന്ന ക്യാമ്പയിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

“ഒരുപാട് ആരോപണങ്ങള്‍ ദേവഗൗഡ, കുമാരസ്വമി, രേവണ്ണ അവരുടെ മക്കള്‍ എന്നിവര്‍ക്കെതിരെ രാവിലെ മുതല്‍ വാര്‍ത്താചാനലുകളില്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്” എന്ന് പറഞ്ഞാണ് ദേവഗൗഡ വേദിയില്‍ പൊട്ടിക്കരഞ്ഞത്. അതോടൊപ്പം പ്രജ്വല്‍ രേവണ്ണയും പൊട്ടിക്കരഞ്ഞിരുന്നു. ജെഡിഎസിന് കരച്ചില്‍ ഒരു കലയാണ് എന്നായിരുന്നു ബിജെപി വിമര്‍ശിച്ചത്.