മൂടല്‍മഞ്ഞില്‍ മറഞ്ഞ് യുപി; വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം, പത്തോളം പേര്‍ക്ക് പരിക്ക്

യുപിയില്‍ കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ യുപിയിലെ ഗൗതം ബുദ്ധ് നഗറിലാണ് അപകടമുണ്ടായത്. അറുപതോളം യാത്രക്കാരാണ് അപകടത്തില്‍പെട്ട ബസിലുണ്ടായിരുന്നത്.

ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും പുകമഞ്ഞ് രൂക്ഷമാകുകയാണ്. അന്തരീക്ഷ വായു ഗുണനിലവാരം മോശം നിലയിലേക്ക് താഴ്ന്നു. പുകമഞ്ഞ് റെയില്‍, റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, നോര്‍ത്ത് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പുകമഞ്ഞ് മൂടിയിരിക്കുന്നത്.

കനത്ത മൂടല്‍മഞ്ഞ് കാരണം പല നഗരങ്ങളിലും കാഴ്ച മറയുന്ന അവസ്ഥയുണ്ടായി. ഡല്‍ഹിയില്‍ രാവിലെ രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം 25 മീറ്റര്‍ മാത്രമാണ് ദൂരക്കാഴ്ച. വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സഫ്ദര്‍ജംഗ് മേഖലയില്‍ 50 മീറ്ററായിരുന്നു ദൃശ്യപരത. അമൃത്സര്‍, ഗംഗാനഗര്‍, പട്യാല, ലഖ്നൗ എന്നിവിടങ്ങളില്‍ 25 മീറ്റര്‍ ദൃശ്യപരതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.