ഉന്നാവൊ കേസ്: പ്രതികളെ നിശ്ചിത സമയത്തു തന്നെ തൂക്കിലേറ്റണമെന്ന് മായാവതി

ഉന്നാവൊ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും യുവതി മരിച്ചത് വേദനയുണ്ടാക്കുന്നുവെന്നും മായാവതി പറഞ്ഞു.

“”ഉനാവൊയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ദില്ലിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവം വേദനയുണ്ടാക്കുന്നു. ദുഃഖത്തിന്റെ ഈ സമയത്ത് ബിഎസ്പി അവളുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. യുപി സര്‍ക്കാര്‍ യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതാണ്, “”ബിഎസ്പി മേധാവി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മായാവതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.നീതി ഉറപ്പുവരുത്തണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

യുപി അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണം. മാത്രമല്ല, നിശ്ചയിച്ച സമയത്തുതന്നെ കുറ്റവാളികളെ സര്‍ക്കാര്‍ തൂക്കിലേറ്റണം. ശിക്ഷാവിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം”” – മായാവതി കൂട്ടിച്ചേര്‍ത്തു

90 ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാദ്ധ്യത കുറവാണെന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദ്ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ഉന്നാവൊ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പിന്നീട് യുവതിയെ ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.