'ലൈബ്രറിയില്‍ കയറിയെങ്കില്‍ അജ്മല്‍ കസബിനെയും അവര്‍ നിരപരാധിയെന്ന് വിളിക്കും'; ജാമിയ പ്രതിഷേധത്തെ മുംബൈ ഭീകരാക്രമണവുമായി ഉപമിച്ച് ബി.ജെ.പി നേതാവ്

പൗരത്വ നിയമ ഭേദഗതിക്കെരായ ജാമിയ മിലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച് ബി.ജെ.പി ഡല്‍ഹി നേതാവ് കപില്‍ മിശ്ര രംഗത്ത്.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് കപില്‍ മിശ്രയുടെ പരാമര്‍ശം. മുംബൈ ഭീകരാക്രമണത്തിലെ പ്രതി കസബിനെ ലൈബ്രറിയില്‍ നിന്നാണ് സുരക്ഷാസേന പിടികൂടിയിരുന്നതെങ്കില്‍ അയാളും നിഷ്‌കളങ്കനാകുമോയെന്ന് ട്വിറ്ററിലൂടെയാണ് ബിജെപി നേതാവ് ചോദിച്ചത്.

“അന്ന് കസബ് തോക്കുമായി ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നെങ്കില്‍ ഇന്ന് അയാളെ നിരപരാധിയെന്ന് വിളിക്കും” എന്നാണ് കപില്‍ മിശ്രയുടെ ട്വീറ്റ്. ജാമിയ പോലീസ് അതിക്രമത്തിനെതിരെ നേരത്തെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ച് വിടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.