ഗ്യാന്‍വാപി മസ്ജിദ് സര്‍വേ; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലെ സര്‍വേക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റണമെന്ന് ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നാളെ മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.

നാളെ ഹര്‍ജി പരിഗണിക്കുന്നത് വരെ വാരാണസി കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം സര്‍വേയുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ വാരാണസി കോടതിയില്‍ സമര്‍പ്പിച്ചു. 15 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 136 മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കിയ സര്‍വേക്ക് ഇടയില്‍ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്നും അവകാശവാദം ഉയര്‍ന്നിരുന്നു.

മസ്ജിദില്‍ നമസ്‌കാരത്തിനായി അംഗസ്നാനം ചെയ്യുന്ന കിണര്‍ വറ്റിച്ചപ്പോള്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുപക്ഷ അഭിഭാഷകര്‍ അവകാശപ്പെട്ടത്. ഇതേ തുടര്‍ന്ന് പ്രദേശം സീല്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിനും അര്‍ദ്ധസൈനിക വിഭാഗത്തിനും വാരണാസി സിവില്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. കിണറിന്റെ ഫൗണ്ടന്‍ ആണ് ശിവലിംഗമായി അവകാശപ്പെടുന്നത് എന്നാണ് മസ്ജിദ് നടത്തിപ്പുകാര്‍ പറയുന്നത്. പള്ളിക്ക് ചുറ്റും സി.ആര്‍.പി.എഫും പൊലീസും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനും എസ്.പിക്കുമാണ് സുരക്ഷാ ചുമതല.