മോട്ടോര്‍ വാഹന ഭേദഗതി നിയമം; പിഴത്തുകയില്‍ ഇളവ് വരുത്തി ഗുജറാത്ത് സര്‍ക്കാര്‍, കേരളത്തിലും കുറച്ചേക്കും

പുതിയ ഗതാഗത നിയമം അനുസരിച്ച് ഈടാക്കുന്ന പിഴത്തുകയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. മോട്ടാര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് പ്രകാരം ഈ മാസം ഒന്ന് മുതല്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുകയും ശിക്ഷയും കര്‍ശനമാക്കിയിരുന്നു. പിഴത്തുകയില്‍ വന്‍ വര്‍ദ്ധനയായിരുന്ന നടത്തിയത്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

കേരളത്തിലും പിഴ കുറയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. പിഴ കുറക്കുന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമം നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് ഓണം കഴിയുന്നത് വരെ കര്‍ശന പരിശോധനയും അധിക പിഴയും കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പിഴ തുക കുറയ്ക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം ഹെല്‍മറ്റ് വെയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കും 1000 രൂപയാണ് പിഴ. എന്നാല്‍ ഗുജറാത്തില്‍ ഇനി മുതല്‍ ഇതു 500 രൂപയായിരിക്കും. ലൈസന്‍സില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരില്‍ നിന്ന് 2000 രൂപയും കാര്‍ ഉള്‍പ്പെടെ എല്‍എംവി വിഭാഗത്തില്‍ പെട്ട വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ നിന്ന് 3000 രൂപയും ഈടാക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതു നേരത്തെ 5000 രൂപ വീതമായിരുന്നു. എന്നാല്‍ പിഴ കുറച്ചതു കൊണ്ട് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ആളുകളോടു സര്‍ക്കാര്‍ സൗമ്യത പുലര്‍ത്താന്‍ ശ്രമിക്കുന്നതായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.