ആരോഗ്യ മന്ത്രിക്ക് ഒരു രൂപ പാട്ടത്തിന് സർക്കാർ ആശുപത്രി; ഗുജറാത്തിൽ വിവാദമായി ആശുപത്രി കൈമാറ്റം

തെരഞ്ഞെടുപ്പ് ബഹളത്തിനിടെ സര്‍ക്കാര്‍ ആശുപത്രി ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്കാണ് 33 വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഒരു രൂപ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ബന്‍സ്‌കന്ത് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയാണ് പാട്ടത്തിന് കൊടുക്കുന്നത്.

350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി പ്രതിവര്‍ഷം ഒരു രൂപ നിരക്കിലാണ് മന്ത്രിയുടെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. മന്ത്രി പുതുതായി ആരംഭിക്കാന്‍ പോകുന്ന ആശുപത്രിക്ക് വേണ്ടിയാണ് തുച്ഛമായ നിരക്കില്‍ പാട്ടത്തിന് എടുത്തിരിക്കുന്നത്. 33 വര്‍ഷത്തേക്ക് ഒരു രൂപക്കാണ് എടുത്തിരിക്കുന്നത്. എന്നാല്‍ അഞ്ചുവര്‍ഷം കൊണ്ട് തങ്ങളുടെ ആശുപത്രി പൂര്‍ത്തിയാകുമെന്നും അതുവരെ ആണ് പാലന്‍പൂരിലെ സിവില്‍ ആശുപത്രി പാട്ടത്തിനെടുക്കുന്നതെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. പാട്ടക്കരാര്‍ 33 വര്‍ഷത്തേക്കാണ് അഞ്ചു വര്‍ഷത്തേക്കല്ലയെന്നത് പാട്ടക്കരാറിലെ വ്യവസ്ഥകള്‍ മന്ത്രി മറച്ച് വെച്ചു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ട്രസ്റ്റും സര്‍ക്കാരുമായുള്ള ധാരണ അനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജിന് പാട്ടത്തിന് നല്‍കിയതാണെങ്കിലും ആശുപത്രിയിലെ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇപ്പോള്‍ ആളുപത്രിയിലുള്ള ജീവനക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ജോലിയില്‍ തുടരാം. പിന്നീട് ജീവനക്കാരെ നിയമിക്കുന്നത് മന്ത്രിയുടെ ട്രസ്റ്റാണ്. അഞ്ചു വര്‍ഷത്തിന് ശേഷം  ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം ട്രസ്റ്റിന്റേതാണ്.