ചെയ്തത് തെറ്റ്, തിരികെ പാർട്ടിയിൽ ചേരണം; മാപ്പപേക്ഷയുമായി ബംഗാളിൽ ബി.ജെ.പിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ ഖേദപ്രകടനവുമായി രംഗത്ത്. തിരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ഭിര്‍ഭൂം ജില്ലയിലെ ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് ഇത്തരം ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.  ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയിയെന്ന് പരസ്യമായി മാപ്പ് അപേക്ഷിച്ചാണ് സംഘം വന്നിരിക്കുന്നത്.

ഭിര്‍ഭൂമിലെ പ്രാദേശിക ചന്തയില്‍ ജാഥയായി എത്തിയ ശേഷമാണ് ഇവര്‍ മാപ്പ് അപേക്ഷിച്ചത്. പ്രാദേശിക പഞ്ചായത്തിനെ തെറ്റായി കളങ്കപ്പെടുത്തിയെന്നും തിരികെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ അക്രമം ഭയന്നാണ് പ്രവര്‍ത്തകര്‍ ഇത്തരം പരസ്യ പ്രസ്താവന നടത്തുന്നതെന്നാണ് ബിജെപി ജില്ലാ അധികാരികള്‍ വിശദമാക്കുന്നത്. ജനാധിപത്യത്തിന് അപമാനമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് ഭിര്‍ഭൂം ബിജെപി ജില്ലാ പ്രസിഡന്‍റ് ഡ്രുബാ സഹ വിശദമാക്കുന്നത്.