
വിവാഹഘോഷയാത്രയ്ക്കിടെ പാലം തകര്‍ന്ന് വരനും സംഘവും ഓവുചാലില്‍ വീണു. നോയിഡയിലെ ഹോഷിയാര്‍പുരില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീഴ്ചയില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി 9.30ന് ആട്ടവും പാട്ടവുമായി പാലത്തിനുമുകളിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. വരനുള്‍പ്പെടെ 15 പേരാണ് സംഭവസമയത്ത് പാലത്തിന് മുകളില്‍ ഉണ്ടായിരുന്നത്. ചെറിയ പാലത്തിന് മുകളില്‍ നിന്ന് പത്ത് മിനിറ്റോളം വരന്റെ കൂട്ടുകാര്‍ നൃത്തം ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാലം ദുര്‍ബലമായിരുന്നതായും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എട്ട് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ദിരാപുരം സ്വദേശി അമിതും കൊണ്ട്ലി സ്വദേശിനി സോനവും തമ്മിലുള്ള വിവാഹചടങ്ങുകള്‍ക്കിടെയാണ് അപകടം ഉണ്ടായത്. സോനത്തിന്റെ പിതാവ് ഫൂല് കുമാറാണ് വിവാഹത്തിനായി സ്ഥലം ബുക്ക് ചെയ്തത്. വിവാഹപന്തലിലേക്ക് വരന് കടക്കാനുള്ള വഴി പാലത്തിന് മകളിലൂടെയായിരുന്നു ഒരുക്കിയിരുന്നത്. വരനെ സ്വീകരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ പാലത്തിനപ്പുറം കാത്ത് നില്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിവാഹസ്ഥലം ഉടമയായ ഒപി ശര്‍മ നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ക്ക് നല്കി.