കശ്മീരിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്ത് ഗ്രനേഡ് ആക്രമണം; അഞ്ച് പേർക്ക് പരിക്കേറ്റു 

ശനിയാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്ത് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെ അനന്ത്നാഗ് ടൗണിലെ ഉയർന്ന സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സമുച്ചയത്തിന് പുറത്ത് സുരക്ഷാ പട്രോളിംഗിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു. രാവിലെ 11- ഓടെയാണ് സംഭവം ഉണ്ടായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തീവ്രവാദികൾ ലക്ഷ്യം തെറ്റി ഗ്രനേഡ് എറിഞ്ഞതിനാൽ റോഡരികിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്കേൽക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീർ താഴ്‌വരയിൽ സുരക്ഷാസേനയ്‌ക്കെതിരായ രണ്ടാമത്തെ ആക്രമണമാണിത്. സെപ്റ്റംബർ 28- ന് ശ്രീനഗർ നഗരത്തിലെ സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ലക്ഷ്യം തെറ്റിയതിനാൽ ആർക്കും അപായം സംഭവിച്ചില്ല.