ജാർഖണ്ഡിൽ എംഎൽഎ സംഘടിപ്പിച്ച ചുംബന മത്സരത്തിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ ആദിവാസികൾക്കിടയിൽ ആധുനികത പ്രചരിപ്പിക്കാൻ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചുംബന മത്സരത്തിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.

പകുർ സബ് ഡവിഷണൽ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാർ ഡിയോ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവനീത് ഹെംബ്രോ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. ഇരുവരും കഴിഞ്ഞ ദിവസം ദുമരൈ ഗ്രാമം സന്ദർശിക്കുകയും ചെയ്തു. പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയിലാണ് ദമ്പതികള്‍ക്കായി ഈ വ്യത്യസ്തമായ മത്സരം നടത്തിയത്. പതിനെട്ടോളം ദമ്പതികളാണ് പൊതുസ്ഥലത്ത് ഒരുക്കിയ മത്സരത്തില്‍ പങ്കെടുത്തത്.

ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്. ചില പ്രാദേശിക പത്രങ്ങൾ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് എംഎൽഎ പുലിവാല് പിടിച്ചത്. എന്നാൽ, പിന്നീട് അദ്ദേഹം തന്നെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. സ്നേഹവും ആധുനികതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.