"രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല": കേന്ദ്ര ആരോഗ്യ സെക്രട്ടറി

കൊറോണ വൈറസിനുള്ള വാക്സിൻ അംഗീകരിക്കപ്പെടുമ്പോൾ രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കൊറോണ വൈറസ് ബാധിച്ച് ആന്റിബോഡികൾ ഉള്ള ആളുകൾക്ക് ഇത് ആവശ്യമുണ്ടോ എന്നത് ലോകമെമ്പാടുമുള്ള ചർച്ചാവിഷയമാണെന്ന് അദ്ദേഹം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുന്നതിനെ കുറിച്ച് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഇന്ത്യയിൽ വാക്‌സിൻ വികസിപ്പിക്കുന്ന മൂന്ന് പ്രധാന കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം പറയുന്നത്. പൗരന്മാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനാണ് സന്ദർശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

കോവിഡ് വാക്സിന്റെ ലോജിസ്റ്റിക്സ്, ആർക്കാണ് ആദ്യം വാക്സിൻ നൽകേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ആലോചനകൾ നടക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ ചങ്ങലയെ ഭേദിക്കാൻ സഹായിക്കുന്ന തരത്തിൽ തിരഞ്ഞെടുത്ത ജനവിഭാഗത്തിന് പ്രതിരോധ കുത്തിവെയ്പ് നൽകുകയാണ് ലക്ഷ്യം എന്ന് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ രാജേഷ് ഭൂഷൺ പറഞ്ഞു.

ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനെ കുറിച്ചുള്ള ദേശീയ വിദഗ്ദ്ധ സംഘം നിർദേശങ്ങൾ നൽകിയിട്ടുണ്ട്, ഇതിനകം തന്നെ ആന്റിബോഡികൾ ഉള്ളവർക്ക് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് അതിൽ അഭിപ്രായപ്പെട്ടതായി രാജേഷ് ഭൂഷൺ പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ തലവൻ ഡോ. ബൽറാം ഭാർഗവ ഇത് അംഗീകരിച്ചു. “രോഗസാദ്ധ്യത കൂടുതൽ ഉള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും വൈറസ് പകരുന്നത് തടയാനും നമ്മൾക്ക് കഴിയുന്നുവെങ്കിൽ, മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകേണ്ടതില്ല” എന്ന് അദ്ദേഹം പറഞ്ഞു.