കാർഷിക ബില്ലിന് എതിരെ പ്രതിഷേധം കടുക്കുന്നു; കേന്ദ്ര സർക്കാർ റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു

കർഷക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കർഷകരും പ്രതിപക്ഷവും ഒറ്റക്കെട്ടായി സർക്കാരിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ നടപടി.

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം പാസാക്കിയ കാർഷിക ബില്ലുകൾ നിയമമാകുന്നതോടെ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ഭയത്താൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ രോഷം തണുപ്പിക്കാനാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ബില്ലുകൾ നിയമമാകുന്നതോടെ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ആശങ്ക ഒഴിവാക്കാനാണ് നീക്കം. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് താങ്ങുവില വർദ്ധിപ്പിച്ചതായി ലോക്‌സഭയെ അറിയിച്ചത്.

50 മുതൽ 300 രൂപ വരെയാണ് താങ്ങുവില വർദ്ധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വർദ്ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വർദ്ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.